-ആലപ്പുഴ: സെൻസസ് 2027 മായി ബന്ധപ്പെട്ട് വ്യക്തികൾക്ക് സ്വയം കുടുംബത്തിന്റെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കുന്ന സെൽഫ് എന്യൂമറേഷൻ (എസ്ഇ) സൗകര്യം ഇന്നലെ മുതൽ തുടങ്ങി.
ജില്ലാ കളക്ടർ ഷാജി വി. നായർ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, റെജി ചെറിയാൻ എംഎൽഎ, എഴുത്തുകാരൻ അഖിൽ പി. ധർമജൻ, മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ജേതാവായ മനോജ്പിള്ള തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ജില്ലയിൽനിന്നും ഇതിൽ പങ്കാളികളായി. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷൻ സൗകര്യം ലഭിക്കുക.
പൂർത്തിയാക്കേണ്ടത് ഇങ്ങിനെ
സ്റ്റെപ്പ് ഒന്ന്: പോർട്ടലിൽ പ്രവേശിക്കലും പ്രാരംഭ ലോഗിനും
പോർട്ടൽ: https://se.census.gov.in എന്ന വെബ്സൈറ്റ് വഴി പോർട്ടലിൽ പ്രവേശിക്കാവുന്നതാണ്.
പ്രാഥമിക തെരഞ്ഞെടുപ്പ്: ഡ്രോപ്പ് ഡൗണിൽനിന്ന് നിങ്ങളുടെ സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം തെരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നതിന് കാപ്ച്ച നൽകുക.
ഡിജിറ്റൽ മാപ്പിൽ നിങ്ങളുടെ വീട് അടയാളപ്പെടുത്തുമ്പോൾ വ്യക്തമായി കാണുന്നതിന് ലാപ്ടോപ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ഉപയോഗിക്കുക.
സ്റ്റെപ്പ് രണ്ട്: കുടുംബത്തിന്റെ രജിസ്ട്രേഷൻ. കുടുംബനാഥൻ/നാഥ: കുടുംബനാഥൻ/നാഥയുടെ പേര് നൽകുക. കുടുംബനാഥൻ/നാഥ ആരായിരിക്കണം എന്നത് മനസിലാക്കാൻ സഹായിക്കുന്നതിനുള്ള ടൂൾടിപ്പ് ഈ ഫീൽഡിന് സമീപം നൽകിയിട്ടുണ്ടാകും. രജിസ്റ്റർ ചെയ്യുതുകഴിഞ്ഞാൽ ഈ പേര് മാറ്റാൻ സാധിക്കുന്നതല്ല.
മൊബൈൽ രജിസ്ട്രേഷൻ: വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ മൊബൈൽ നമ്പർ നൽകുക. ഒരു വീടിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പ്രസ്തുത നമ്പർ മാറ്റേതെങ്കിലും ഒരു വീടിനായി ഉപയോഗിക്കാൻ സാധിക്കുകയില്ല.
ഇ മെയിൽ (ഓപ്ഷണൽ): നിങ്ങളുടെ സെൽഫ് എന്യൂമറേഷൻ ഐഡി (എസ് ഇഐഡി) ഇമെയിൽ വഴി ലഭിക്കുമ്പോൾ ഒരു ഇമെയിൽ ഐഡിയും നൽകാവുന്നതാണ്.
സ്റ്റെപ്പ് മൂന്ന്: ഭാഷാ തെരഞ്ഞെടുപ്പും ഒടിപി സ്ഥിരീകരണവും
ഭാഷ മുൻഗണന: നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ സാധിക്കുകയില്ല. ഒടിപി സ്ഥിരീകരിക്കൽ: സ്ഥിരീകരിക്കാനും തുടരാനും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒറ്റത്തവണ ഒടിപി നൽകുക. ഒടിപി ലഭിക്കാൻ നിങ്ങളുടെ ഫോണിന് ശരിയായ നെറ്റ്വർക്ക് കണക്ടിവിറ്റി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്
സ്റ്റെപ്പ് നാല്: മാപ്പിൽ നിങ്ങളുടെ താമസസ്ഥല വിവരങ്ങൾ അടയാളപ്പെടുത്തൽ
ലൊക്കേഷൻ എൻട്രി: നിങ്ങളുടെ ജില്ലതെരഞ്ഞെടുത്ത് പിൻ കോഡ് (ഓപ്ഷണൽ) ഗ്രാമം/പട്ടണം, ലൊക്കാലിറ്റി അടുത്തുള്ള ലാൻഡ്മാർക്ക് എന്നിവയുടെ പേരും നൽകുക. സെർച്ച് ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് അഞ്ച്: മാപ്പിൽ നിങ്ങളുടെ വീട് അടയാളപ്പെടുത്തൽ
ഇന്ററാക്ടീവ് മാപ്പിംഗ്: റെഡ് മാർക്കറുള്ള ഒരു മാപ്പ് ദൃശ്യമാകും. താമസിക്കുന്ന കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിനായി ഈ മാർക്കർ കൃത്യമായി നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഡ്രാഗ് ചെയ്യുക. ശേഷം സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക. അപ്പോൾ ലൊക്കേഷൻ വിവരങ്ങൾ സാധുകരിക്കുന്നതിനുള്ള സ്ഥിരീകരണ സന്ദേശം കാണാൻ സാധിക്കും. വീടുവീടാന്തര വിവരശേഖരണ സന്ദർശന സമയത്ത് എസ്ഇ ഡാറ്റ നിർദ്ദിഷ്ട വീട് പട്ടികാ ബ്ലോക്കിലേക്ക് (എച്ച് എൽ ബി) നൽകി സ്ഥിരീകരിക്കുന്നതിന് ഇത് എന്യൂമറേറ്ററെ സഹായിക്കും.
സ്റ്റെപ്പ് ആറ്: ചോദ്യാവലി പൂർത്തിയാക്കൽ
ഡാറ്റാ എൻട്രി: വീടുകളുടെ പട്ടിക തയാറാക്കുന്നതിനും വീടുകളുടെ സെന്സസിനുമുള്ള ചോദ്യാവലി പൂരിപ്പിക്കുക.
മാർഗനിർദേശ ഉപകരണങ്ങൾ: നിർദ്ദിഷ്ട ചോദ്യങ്ങൾക്കുള്ള സഹായത്തിനായി നോട്ട്സ്, (ചോദ്യങ്ങൾക്ക് താഴെ) ടൂൾടിപ്പുകൾ എന്നിവ ഉപയോഗിക്കുക.
ഇതിലെ ചോദ്യാവലി എന്യൂമറേറ്റർമാരുടെ കൈയിൽ ലഭ്യമായ ചോദ്യാവലിക്ക് സമാനമായതാണ്. കെട്ടിട നമ്പർ, സെന്സസ് വീട്ട് നമ്പര്, സെന്സസ് വീടിന്റെ ഉപയോഗം തുടങ്ങിയ ചില വിശദാംശങ്ങൾ എന്യൂമറേറ്റർ ഫീൽഡ് സന്ദർശന വേളയിൽ പ്രത്യേകം രേഖപ്പെടുത്തുന്നതായിരിക്കും
നാവിഗേഷൻ: നിലവിലെ സ്ക്രീൻ പൂർത്തിയാക്കിയശേഷം മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും മുമ്പത്തെ എൻട്രികൾ തിരികെ പോയി എഡിറ്റ് ചെയ്യാവുന്നതാണ്.
സ്റ്റെപ് ഏഴ്: നൽകിയ ഡാറ്റയുടെ അവലോകനം
പ്രിവ്യൂ: നൽകിയിട്ടുള്ള എല്ലാ ഡാറ്റയും സെക്ഷൻ തിരിച്ച് പുനഃപരിശോധിക്കാൻ പ്രിവ്യൂ സ്ക്രീൻ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ഡാറ്റ എഡിറ്റ് ചെയ്യാൻ സാധിക്കും.
ഡ്രാഫ്റ്റായി സേവ് ചെയ്യുക: അന്തിമമാക്കുന്നതിനും അവസാന തീയതിക്കു മുമ്പായി സമർപ്പിക്കുന്നതിനും വിവരങ്ങൾ ഡ്രാഫ്റ്റായി സൂക്ഷിക്കാവുന്നതാണ്.
സ്റ്റെപ്പ് എട്ട്: അന്തിമ സമർപ്പണം
ഡാറ്റ ലോക്ക് ചെയ്യൽ: നിങ്ങൾ സംതൃപ്തനാണെങ്കിൽ ഫൈനൽ സബ്മിറ്റ് ക്ലിക്കുചെയ്യുക. ഈ പ്രവർത്തനത്തിനുശേഷം എന്യൂമറേറ്റർ ഒഴികെയുള്ള ആർക്കും മറ്റ് മാറ്റങ്ങളോ എഡിറ്റിംഗുകളോ നടത്താൻ കഴിയുകയില്ല.
സർപപിക്കേണ്ട അവസാന തിയതി: അവസാന തിയതി എല്ലാ പേജുകളിലും പ്രത്യേകമായി പ്രദർശിപ്പിച്ചിരിക്കും. സംസ്ഥാനം/കേന്ദ്രഭരണ പ്രദേശങ്ങൾ നിർദേശിച്ച അവസന തീയതിക്ക് മുമ്പ് അന്തിമമായി സമർപ്പിച്ചില്ലെങ്കിൽ സെൽഫ്- എന്യൂമറേഷൻ പൂർത്തിയായതായി കണക്കാക്കുന്നതല്ല.
ഐഡി സൃഷ്ടിക്കൽ: ഈ സ്റ്റെപ്പ് വിജയകരമായി സമർപ്പിച്ചാൽ ഒരു 11 അക്ക സവിശേഷ എസ് ഇ ഐ ഡി (മുമ്പിൽ എച്ച് എന്ന് ചേർത്ത്) ലഭിക്കുന്നതാണ്. എസ് ഇ ഐ ഡി എസ്.എം.എസ്, ഇമെയിൽ (നൽകിയിട്ടുണ്ടെങ്കിൽ)എന്നിവയിലൂടെയും അയക്കും. സ്ക്രീൻഷോട്ട് എടുത്ത് അത് കുറിച്ചു വെക്കുന്നത് നന്നായിരിക്കും.
എസ്ഇഐഡി വീണ്ടെടുക്കൽ: രജിസ്റ്റർ ചെയ്ത മോബൈൽ നമ്പർ വഴി പോർട്ടലിൽനിന്ന് പിന്നീടുള്ള ദിവസങ്ങളിൽ എസ്ഇഐഡി വീണ്ടെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.
സ്റ്റെപ് ഒൻപത്: ഫീൽഡ് വാലിഡേഷൻ. എന്യൂമറേറ്റർമാരുടെ സന്ദർശനം: ഒരു സെൻസസ് എന്യൂമറേറ്റർ വീട് സന്ദർശിക്കുമ്പോൾ എസ്ഇഐഡി അവരുമായി പങ്കിടുക
ഐഡി പൊരുത്തപ്പെടുത്തൽ
എന്യൂമറേറ്ററുമാരുടെ മൊബൈലിലുടെ എസ്ഇഐഡികളുമായി നിങ്ങളുടെ എസ്ഇഐ ഡി പൊരുത്തപ്പെടുന്നുവെങ്കിൽ എസ് ഇ ഡാറ്റ ഉറപ്പുവരുത്തുകയും സ്വീകരിക്കുകയും സമർപ്പിക്കുകയും ചെയ്യും.
എസ്ഇഡി പൊരുത്തപ്പെടാത്ത പക്ഷം എന്യൂമറേറ്റർ നിങ്ങളുടെ വീടിന്റെ വിവരങ്ങൾ പുതുതായി ശേഖരിക്കുന്നതാണ്.
ചേർത്തലയിൽ സെൽഫ്എന്യൂമറേഷനു തുടക്കം
ചേര്ത്തല: ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള സ്വയം വിവരംനൽകൽ ശേഖരണം ചേർത്തലയിൽ ആരംഭിച്ചു. ചലച്ചിത്രതാരം ഗായത്രി അരുൺ വിവരങ്ങൾ സെൻസസ് വെബ് സൈറ്റിൽ സ്വയം രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ഗായത്രി അരുണിന്റെ ഭർത്താവ് അരുൺ, മാതാവ് ശ്രീലേഖ നായർ, നഗരസഭാ സെൻസ് വിഭാഗം സൂപ്രണ്ട് ടി.എസ്. അജി, ബിനോയ് എന്നിവർ പങ്കെടുത്തു. ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ടം കെട്ടിടങ്ങളുടെ സെൻസസാണ്. വീടുകളുടെയും ഇതര ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെയുമെല്ലാം വിവരം ജൂലൈ ഒന്നു മുതൽ 31 വരെ എന്യൂമറേറ്റർമാർ ശേഖരിക്കും. https://se.census.gov.in എന്ന വൈബ് സൈറ്റിൽ കയറി വിവരദാതാവിന്റെ സ്ഥലം തെരഞ്ഞെടുത്ത് മൊബൈൽ ഫോൺ നമ്പർ വഴി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്താം.
കെട്ടിടത്തിന്റെ മേൽക്കൂര, തറ തുടങ്ങിയ സൗകര്യങ്ങൾ, വൈദ്യുതി, ശുചിത്വ സംവിധാനം, കുടിവെള്ളം, പാചകവാതകം മുതലായവയുടെ ലഭ്യത എന്നിങ്ങനെയുള്ള മുപ്പതോളം ചോദ്യങ്ങളാണ് വിവരദാതാവിന് രേഖപ്പെടുത്താനുള്ളത്. ഈ മാസം അവസാനം വരെ സ്വയം വിവരം രേഖപ്പെടുത്തുന്നതിന് അവസരമുണ്ടാകും.